07/01/2025
Readings at Mass
Liturgical Colour: White. Year: C(I).
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
*ഒന്നാം വായന*
1 യോഹ 4:7-10
ദൈവം സ്നേഹമാണ്.
പ്രിയപ്പെട്ടവരേ, നമുക്കു പരസ്പരം സ്നേഹിക്കാം;
എന്തെന്നാല്‍, സ്നേഹം ദൈവത്തില്‍ നിന്നുള്ളതാണ്.
സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍ നിന്നു ജനിച്ചവനാണ്;
അവന് ദൈവത്തെ അറിയുകയും ചെയ്യുന്നു.
സ്നേഹിക്കാത്തവന് ദൈവത്തെ അറിഞ്ഞിട്ടില്ല.
കാരണം, ദൈവം സ്നേഹമാണ്.
തന്റെ ഏകപുത്രന് വഴി നാം ജീവിക്കേണ്ടതിനായി
ദൈവം അവനെ ലോകത്തിലേക്കയച്ചു.
അങ്ങനെ, ദൈവത്തിന്റെ സ്നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.
നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല,
അവിടുന്നു നമ്മെ സ്നേഹിക്കുകയും
നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി
സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം.
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
പ്രതിവചന സങ്കീര്‍ത്തനം
സങ്കീ 72:1-2, 3-4, 7-8
എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്പില് സാഷ്ടാംഗം പ്രണമിക്കട്ടെ!
ദൈവമേ, രാജാവിന് അങ്ങേ നീതിബോധവും
രാജകുമാരന് അങ്ങേ ധര്‍മനിഷ്ഠയും നല്കണമേ!
അവന് അങ്ങേ ജനത്തെ ധര്‍മനിഷ്ഠയോടും
അങ്ങേ ദരിദ്രരെ നീതിയോടും കൂടെ ഭരിക്കട്ടെ!
എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്പില് സാഷ്ടാംഗം പ്രണമിക്കട്ടെ!
നീതിയാല്‍ പര്‍വതങ്ങളും കുന്നുകളും
ജനങ്ങള്‍ക്കുവേണ്ടി ഐശ്വര്യം വിളയിക്കട്ടെ!
എളിയവര്‍ക്ക് അവന് നീതിപാലിച്ചുകൊടുക്കട്ടെ!
ദരിദ്രര്‍ക്കു മോചനം നല്കട്ടെ!
എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്പില് സാഷ്ടാംഗം പ്രണമിക്കട്ടെ!
അവന്റെ കാലത്തു നീതി തഴച്ചുവളരട്ടെ!
ചന്ദ്രനുള്ളിടത്തോളം കാലം സമാധാനം പുലരട്ടെ!
സമുദ്രം മുതല്‍ സമുദ്രം വരെയും
നദി മുതല്‍ ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും
അവന്റെ ആധിപത്യം നിലനില്ക്കട്ടെ!
എല്ലാ രാജാക്കന്മാരും കര്‍ത്താവിന്റെ മുന്പില് സാഷ്ടാംഗം പ്രണമിക്കട്ടെ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷ പ്രഘോഷണവാക്യം
cf.മത്താ 4:23
അല്ലേലൂയാ, അല്ലേലൂയാ!
യേശു സിനഗോഗുകളില്‍ പഠിപ്പിച്ചും
രാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും
ജനങ്ങളുടെ എല്ലാരോഗങ്ങളും
വ്യാധികളും സുഖപ്പെടുത്തിയും
ഗലീലി മുഴുവന്‍ ചുറ്റിസഞ്ചരിച്ചു.
അല്ലേലൂയാ!
Or:
ലൂക്കാ 4:17
അല്ലേലൂയാ, അല്ലേലൂയാ!
ദരിദ്രരെ സുവിശേഷം അറിയിക്കാനും
അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും
അവിടന്ന് എന്നെ അയച്ചിരിക്കുന്നു.
അല്ലേലൂയാ!
Or:
ലൂക്കാ 7:16
അല്ലേലൂയാ, അല്ലേലൂയാ!
ഒരു വലിയ പ്രവാചകന് നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു.
ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു.
അല്ലേലൂയാ!
Or:
cf.1തിമോ 3:16
അല്ലേലൂയാ, അല്ലേലൂയാ!
ജനപദങ്ങളുടെയിടയില്‍ പ്രഘോഷിക്കപ്പെട്ട ക്രിസ്തുവേ,
അങ്ങേയ്ക്കു മഹത്വം
ലോകം അങ്ങില്‍ വിശ്വസിച്ചു.
അങ്ങേയ്ക്കു മഹത്വം.
അല്ലേലൂയാ!
Or:
മത്താ 4:16
അല്ലേലൂയാ, അല്ലേലൂയാ!
അന്ധകാരത്തില്‍ സ്ഥിതിചെയ്തിരുന്ന ജനങ്ങള്‍
വലിയ പ്രകാശം കണ്ടു.
മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവര്‍ക്കായി
ഒരു ദീപ്തി ഉദയം ചെയ്തു.
അല്ലേലൂയാ!
✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠✠
സുവിശേഷം
മാര്‍ക്കോ 6:34-44
കൃതജ്ഞതാസ്തോത്രം ചെയ്ത് അപ്പം മുറിച്ചതിനുശേഷം ജനങ്ങള്‍ക്കു വിളമ്പാന്‍ ശിഷ്യന്മാരെ ഏല്പിച്ചു.
യേശു കരയ്ക്കിറങ്ങിയപ്പോള് വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവന് അനുകമ്പ തോന്നി. കാരണം, അവര്‍ ഇടയനില്ലാത്ത ആട്ടിന്‍പറ്റം പോലെ ആയിരുന്നു. അവന് അവരെ പല കാര്യങ്ങളും പഠിപ്പിക്കാന്‍ തുടങ്ങി. നേരം വൈകിയപ്പോള്‍ ശിഷ്യന്മാര് അവന്റെയടുത്തു വന്നു പറഞ്ഞു: ഇത് ഒരു വിജനപ്രദേശമാണല്ലോ. സമയവും വൈകിയിരിക്കുന്നു. ചുറ്റുമുള്ള നാട്ടിന്‍പുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന്, എന്തെങ്കിലും വാങ്ങി ഭക്ഷിക്കാന്‍ അവരെ പറഞ്ഞയയ്ക്കുക. അവന് പ്രതിവചിച്ചു: നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കുവിന്‍. അവര്‍ പറഞ്ഞു: ഞങ്ങള്‍ ചെന്ന്, ഇരുന്നൂറു ദനാറയ്ക്ക് അപ്പം വാങ്ങിക്കൊണ്ടുവന്ന് അവര്‍ക്കു ഭക്ഷിക്കാന്‍ കൊടുക്കട്ടെയോ? അവന് ചോദിച്ചു: നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട്? ചെന്നുനോക്കുവിന്‍. അവര്‍ ചെന്നു നോക്കിയിട്ടു പറഞ്ഞു: അഞ്ച് അപ്പവും രണ്ടു മീനും. പുല്‍ത്തകിടിയില്‍ കൂട്ടംകൂട്ടമായി ഇരിക്കാന്‍ അവന് ജനങ്ങള്‍ക്കു നിര്‍ദേശം നല്കി. നൂറും അന്‍പതും വീതമുള്ള കൂട്ടങ്ങളായി അവര്‍ ഇരുന്നു. അവന് അഞ്ചപ്പവും രണ്ടു മീനും എടുത്ത് സ്വര്‍ഗത്തിലേക്കു നോക്കി, കൃതജ്ഞതാസ്തോത്രം ചെയ്ത് അപ്പം മുറിച്ചതിനുശേഷം ജനങ്ങള്‍ക്കു വിളമ്പാന്‍ ശിഷ്യന്മാരെ ഏല്പിച്ചു. ആ രണ്ടു മീനും അവന് എല്ലാവര്‍ക്കുമായി വിഭജിച്ചു. അവരെല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ബാക്കിവന്ന അപ്പക്കഷണങ്ങളും മീനും പന്ത്രണ്ടു കുട്ട നിറയെ അവര്‍ ശേഖരിച്ചു. അപ്പം ഭക്ഷിച്ചവര്‍ അയ്യായിരം പുരുഷന്മാരായിരുന്നു.