ചരിത്രം

കൊല്ലം മുതൽ KRLCC വരെ

Lathin Catholic Kerala
മലയാളി ലത്തീൻ കത്തോലിക്കരുടെ ചരിത്രരചന പലപ്പൊഴും അഭിപ്രായവ്യത്യാസങ്ങളിലാണ് കലാശിക്കാറ്. ആ ചരിത്രത്തിലെ സങ്കീർണതകളാണ് അതിനു കാരണം ലത്തീൻ സമുദായത്തിൻ്റെ വളരെ വിശദമായ ചരിത്രം ബ്രദർ ലിയോപ്പോൾഡ് ടി.ഒ.സി.ഡി, ഡോ. ജോൺ ഓച്ചന്തുരുത്ത് തുടങ്ങിയ പലപ്രഗ അരും രചിച്ചിട്ടുണ്ട്. സമുദായത്തിൻ്റെ ഉന്നതി സ്വപ് നംകണ്ട് മഹത്തായ ത്യാഗങ്ങൾ അനുഷ്ഠിച്ച് ഇവരാരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. പക്ഷേ, അവരുടെ പ്രൗഢഗ്രന്ഥങ്ങൾ നമ്മോടൊപ്പമുണ്ട്; കോപ്പികൾ തീർന്നുപോയവ ലഭ്യമാക്കാൻ ശ്രമം നടന്നുവരുന്നു. ഇവരെക്കൂടാതെ മറ്റു പലരും സമുദായചരിത്രരചന നടത്തിയിട്ടുണ്ട്. എല്ലാവരെയും നമുക്ക് നന്ദിപൂർവം ഓർമിക്കാം

1. വ്യത്യസ്തധാരകൾ – കൊല്ലം
വാസ്കോ ഡി ഗാമയുടെ നേതൃത്വത്തിൽ ഇന്ത്യയിലേക്ക് യൂറോപ്യർ നേരിട്ടുള്ള കടൽമാർഗം കണ്ടു പിടിക്കുന്നതിനു മുൻപേ യൂറോപ്യൻ മിഷണറിമാർ ചെറിയ തോതിൽ ഇവിടെയെത്തിയിരുന്നു. കത്തോ ലിക്കാ സഭയുമായി ബന്ധമില്ലാതെ ഹൈന്ദവാചാര ങ്ങളിൽ കുരുങ്ങിക്കിടന്ന ക്രൈസ്‌തവസമൂഹങ്ങളുടെ ഇടയിൽ അവർ മിഷണറിപ്രവർത്തനം നടത്തി കേരളത്തിൽ അങ്ങനെ കൊല്ലം കേന്ദ്രീകരിച്ച് സാമാന്യം വലിയൊരു കത്തോലിക്കാസമൂഹം 13,14 നൂറ്റാ ണ്ടുകളിലായി രൂപപ്പെട്ടുവന്നു. ഫ്രാൻസിസ്ക‌ൻ (ഒ എ ഫ്എം), ഡൊമിനിക്കൻ (ഒപി), എന്നീ പാശ്ചാത്യസന്യാസസഭകളുടെ പുരാതനരേഖകൾ ഇതു വ്യക്തമാക്കുന്നുണ്ട്. ഫ്രാൻസിൽ ജനിച്ച് ഡൊമിനിക്കൻ സന്യാസി യായി ചൈനയിലും മംഗോളിയയിലും മറ്റും മിഷണറിവേല നടത്തി ഭാരതത്തിലെത്തിയ ജോർദാനുസ് കത്തലാനി ഒ.പി. ആയിരുന്നു ഈ മിഷണറിമാരിൽ മുഖ്യൻ. 1320 ൽ സൂറത്തിലെത്തിയ ഇദ്ദേഹം മൂന്നു വർഷങ്ങൾക്കുശേഷം കൊല്ലത്തുമെത്തി അദ്ദേഹത്തിൻ്റെ സേവനങ്ങളെ ആദരിച്ചുകൊണ്ട് 1329 ഓഗസ്റ്റ് ഒൻപതിന് കൊല്ലം ആസ്ഥാനമാക്കി പോപ്പ് ജോൺ 22-ാമൻ ഒരു രൂപത സ്ഥാപിച്ചു; ആഗസ്റ്റ് 21 ന് അദ്ദേ ഹത്തെ മെത്രാനായും പ്രഖ്യാപിച്ചു. പേർഷ്യയിലെ സുൽത്താനി അതിരൂപതയുടെ സാമന്തരൂപതയായി രുന്ന കൊല്ലത്തിനു കീഴിൽ പഴയ ഇന്ത്യ മുഴുവൻ അക്കാലത്ത് ഉൾപ്പെട്ടിരുന്നു. (പക്ഷേ, യൂറോപ്പിലെ രാഷ്ട്രിയപ്രശ്നങ്ങൾമൂലം വത്തിക്കാനിൽനിന്നു മാറി അവിഞ്ഞോണിൽ താമസിക്കുകയായിരുന്നു പോപ്പ്).
മെത്രാനായശേഷവും അരമനയും മറ്റും ഉണ്ടാക്കി അതിൽ അധിവസിക്കാതെ വേദപ്രചാരണവേല തുടർന്ന കത്തലാനി 1336 ൽ ബോംബെയിൽവെച്ച് മുസ്ലിംങ്ങളാൽ കൊല്ലപ്പെട്ട് രക്തസാക്ഷിയായി. സെൻ്റെ ജോർജ് കത്തീഡ്രൽ എന്ന ഒരു ദൈവാലയം അദ്ദേഹം കൊല്ലത്തു സ്ഥാപിച്ചിരുന്നു. തുടർന്നും പല മി ഷണറിമാരും കൊല്ലത്തെത്തിയെങ്കിലും പുതിയ മെത്രാന്മാർ ഉണ്ടായില്ല. മലയാളി ലത്തീൻ സമുദായത്തിൻ്റെ ദുര്യോഗങ്ങളിലൊന്നായ ആരംഭശൂരത്വം ഈ ആദ്യരൂപതയെയും ബാധിച്ചിരിക്കണം.

2. പോർച്ചുഗീസ് കൊച്ചി
കൊച്ചി രൂപതയിലാരംഭിക്കുന്ന ലത്തീൻ സമുദാ യചരിത്രത്തിൻ്റെ ഉജ്ജ്വലമായ രണ്ടാംഘട്ടത്തെക്കുറിച്ച് വിശദീകരിക്കും മുൻപ് ആഗോളകത്തോലിക്കാമിഷനിലെ ഒരു സുപ്രധാനസംഭവം മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്- ലോകമിഷൻ പോർച്ചുഗീസ്, സ്പാനിഷ് എന്നീ രണ്ട് വൻശക്തികൾക്കായി പോപ്പ് വിഭജിച്ചുകൊടുത്തു എന്ന സംഭവം. നാവികശക്തി യിൽ മുന്നിട്ടുനിന്നിരുന്ന പോർച്ചുഗൽ 14-ാം നൂറ്റാണ്ടിൽ ആഗോള മിഷൻ പ്രവർത്തനങ്ങളിൽ മേൽ ക്കൈ ആഗ്രഹിച്ചിരുന്നു. എന്നാൽ, പിന്നാലെ ഉയർന്നുവന്ന സ്പെയ്ൻ അത് അംഗീകരിച്ചില്ല. ഈ തർക്കം രമ്യതയിൽ തീർക്കാൻ സ്പെയ്ൻകാരനായ പോപ്പ് അലക്സാൺഡർ ആറാമൻ ലോകഭൂപടത്തിൽ ഒരു അതിർത്തിരേഖ വരച്ചുചേർത്തുകൊണ്ട് ആഗോളമിഷനെ രണ്ടായി വിഭജിച്ചു! 1494 ൽ ഉണ്ടാക്കിയ ടോർഡൺഡില്ലാസ് കരാർ എന്ന ഈ സുപ്രധാനസംഭവംവഴിയായി ഏഷ്യൻഭൂഖണ്ഡം പോർച്ചുഗീസുകാരുടെ മിഷൻ ചുമതലയിലായി. ഈ മേഖലയിൽ കണ്ടുപിടിക്കുന്ന രാജ്യങ്ങളിൽ അധികാരം സ്ഥാപിക്കാനും കത്തോലിക്കാവി ശ്വാസം പ്രചരിപ്പിക്കാനും അതുവഴിയുണ്ടാകുന്ന രൂപതകളിൽ മെത്രാന്മാരെ നാമനിർദേശം ചെയ്യാനും രൂപതകൾക്ക് സാമ്പത്തികസഹായം ചെയ്യാനും പോർ ച്ചുഗീസ് ചക്രവർത്തിക്ക് അവകാശവും കടമയും ലഭിച്ചു. ഇതാണ് ചരിത്രപ്രസിദ്ധമായ ‘പാദ്രുവാദോ’ അധികാരം. പോർച്ചുഗീസുകാരുടെ ശക്തി ക്ഷയിച്ച്, 1950 ജൂലൈ 18 ന് പന്ത്രണ്ടാം പിയൂസ് പാപ്പയാൽ റദ്ദു ചെയ്യപ്പെടും വരെ ഇതു നിലനിന്നു. ഇന്ത്യയിലേക്ക് നേരിട്ടുള്ള കടൽമാർഗം കണ്ടുപി ടിക്കുന്നതിൽ വിജയിച്ച യുവപോർച്ചുഗീസ് നാവികൻ വാസ്കോ ഡി ഗാമ 1498 ന് കോഴിക്കോട് കാപ്പാട് കടപ്പുറത്ത് എത്തിച്ചേരുന്നതോടെയാണ് ഭാരത കത്തോലിക്കാസഭയുടെ ഊർജസ്വലമായ നവചരിത്രം ആരംഭിക്കുന്നത്. പ്രാഥമികമായും മലഞ്ചര ക്കുകളുടെ കച്ചവടമായിരുന്നു ലക്ഷ്യമെങ്കിലും മി ഷണറി തീക്ഷ്‌ണതയുള്ള ഒരു ഗണം സന്യാസവൈ ദികരെയും അദ്ദേഹം സുരക്ഷിതരായി കേരളത്തിലെ ത്തിച്ചു. ഗാമതന്നെ ഒരു അൽമായ മിഷണറിസഭാം ഗമായിരുന്നു എന്നോർക്കുക – പോർട്ടുഗൽ രാജാവ് സ്ഥാപിച്ച ‘ഓർഡർ ഓഫ് ക്രൈസ്റ്റ്’ സഭാംഗം! ആ സഭയുടെ പതാകകളായിരുന്നു ഗാമയുടെ കപ്പൽവ്യൂഹത്തിൽ പാറിക്കളിച്ചിരുന്നത്.
വിശ്വാസവും പാരമ്പര്യങ്ങളുമനുസരിച്ച് 52-ാം ആണ്ടുമുതലും ചരിത്രമനുസരിച്ച് നാലാം നൂറ്റാണ്ടിലോ എട്ടാം നൂറ്റാണ്ടിലോ നടന്ന കാനായിത്തൊമ്മൻ്റെ വരവുമൂലം കേരളത്തിൽ ക്രിസ്‌തുമതവിശ്വാസികളുണ്ടെ ങ്കിലും ഹൈന്ദവാചാരങ്ങളിലും മറ്റും കുരുങ്ങിക്കിട ക്കുകയായിരുന്നു അവർ. ഉന്നതജാതിക്കാരെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അവർ ക്രിസ്തുവിൻ്റെ സുപ്രധാനകൽപ്പനയായ സുവിശേഷപ്രചാരണം ഒട്ടുതന്നെ നടത്തിയിരുന്നില്ല. ‘അധഃസ്ഥിത’ സമൂഹങ്ങളെ മനുഷ്യജാതിയായിപ്പോലും കണക്കാക്കാത്ത കാലമായി രുന്നു അത്! ഈ ദുഷ്പ്രവണതകളെയെല്ലാം തൂത്തെറിഞ്ഞുകൊണ്ട് പോർച്ചുഗീസ് മിഷണറിമാർ കേരള ത്തിൽ ശക്തമായ സുവിശേഷപ്രചാരണം തുടങ്ങി. ഗാമ കാണിച്ചുകൊടുത്ത പാതയിലൂടെ 1500 നവം ബർ 26 ന് 18 മിഷണറിവൈദികരുമായി 13 കപ്പലു കളെ നയിച്ച് കൊച്ചിയിലെത്തിയ പോർച്ചുഗീസ് ക്യാപ്റ്റൻ അൾവാരെസ് കബ്രാൾ ആണ് കേരളസഭയു ടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിച്ചത്. കൊച്ചിയെ നിരന്തരം ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തുകൊണ്ടിരുന്ന കോഴിക്കോട് സാമൂതിരിയെ അ മർച്ച ചെയ്യാൻ സഹായിച്ച പോർച്ചുഗീസ് സൈന്യത്തിന് പ്രത്യുപകാരമായി കൊച്ചിയിൽ പള്ളിസ്ഥാപിക്കാൻ അനുവാദം കിട്ടി. അങ്ങനെ 1503 നവംബർ ഒന്നിന് സകലവിശുദ്ധരുടെയും തിരുനാൾദിനത്തിൽ കൊച്ചിയിലാദ്യമായി ലത്തീൻ റീത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. അതോടെ ഫ്രാൻസിസ്‌കൻ, ഡൊമിനിക്കൻ മിഷണറിമാർ പരിസപ്രദേശങ്ങളിൽ സുവിശേഷപ്രചാരണം ശക്തമാക്കി. രണ്ടു വർഷത്തിനുശേഷം ഫോർട്ടുകൊ ച്ചിയിൽ ഇന്നത്തെ സാന്താക്രൂസ് ബസിലിക്കയുടെ ആദ്യമന്ദിരത്തിന് തറക്കല്ലിടുകയും ചെയ്തു. 1542 ൽ ഗോവയിൽ കപ്പലിറങ്ങിയ വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ കാലത്താണ് ഇന്ത്യയിൽ ലത്തീൻ സഭ അതിശക്തമായി വളർന്നത്. വിശുദ്ധ ഇ ഗ്നേഷ്യസ് ലയോളാ സ്ഥാപിച്ച ഈശോസഭയുടെ ഏറ്റവും ഉജ്ജ്വല താരമായിരുന്നു കേരളത്തിലെത്തിയ മഹപണ്ഡിതനായിരുന്ന ഫ്രാൻസിസ് സേവ്യർ. കൊച്ചിയിൽ അഞ്ചു മാസത്തോളം ചെലവഴിച്ച അദ്ദേഹം ഫ്രാൻസിസ്കൻ സഭക്കാർ സ്ഥാപിച്ച സെന്റ് ആന്റ ണീസ് ദൈവാലയത്തിൽ (ഇന്ന് സി.എസ്.ഐ. സഭ ക്കാരുടെ കീഴിലുള്ള ലന്തപ്പള്ളി) താമസിച്ച് ദിവ്യ ബലി അർപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഫ്രാൻസിസ് സേവ്യറുടെ വരവിനും മുൻ പ് 1514 ജൂൺ 12 ന് ലിയോ പത്താമൻ പാപ്പ ഗോവ യെയും കൊച്ചിയെയും മദീരയിലെ ഫുഞ്ചൽ രൂപതയുടെ കീഴിലുള്ള മിഷൻ കേന്ദ്രങ്ങളായി പ്രഖ്യാപി ച്ചിരുന്നു. 1534 ൽ ഗോവയെ രൂപതയായി ഉയർത്തി. അതോടെ ഗോവയുടെ ഭാഗമായ കൊച്ചിയിലെ മിഷണറി പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമുള്ളതായി ത്തീർന്നു. ഫ്രാൻസിസ്കൻ, ജസ്യൂട്ട്, ഡൊമിനിക്കൻ, അഗസ്റ്റീനിയൻ സഭകളിൽപ്പെട്ട സന്യാസിമാർ കൊച്ചി കേന്ദ്രീകരിച്ച് കേരളമെമ്പാടും ശക്തമായ മിഷണറിവേല നടത്താൻ തുടങ്ങി. അവർ കാൽലക്ഷത്തോളം മാർത്തോമാ ക്രിസ്‌ത്യാനികളെയും പിന്നെ ദലിതർ തുടങ്ങി നമ്പൂതിരിവരെയുള്ള ഹിന്ദുക്കളിലെ സക ലജാതിയിൽപ്പെട്ടവരെയും മുസ്ലിങ്ങളെയും ബൗദ്ധരെയുമൊക്കെ കത്തോലിക്കാവിശ്വാസത്തിലേക്ക് കൊണ്ടുവന്നു. കൂടാതെ, തദ്ദേശീയ സ്ത്രീകളെ വിവാഹം കഴിച്ച യൂറോപ്യരുടെ സന്തതിപരമ്പരകളുടെ ഒരു സങ്കരവിഭാഗവും ഇവിടെ ഉടലെടുത്തു. അവരാണ് ആംഗ്ലോ ഇന്ത്യക്കാർ. ഇതോടെ കൊച്ചിയുടെ പ്രാധാന്യം വർധിച്ചുതുട ങ്ങി. ഇതു തിരിച്ചറിഞ്ഞപ്പോൾ പോൾ നാലാമൻ പാപ്പ 1557 ഫെബ്രുവരി നാലിന് കൊച്ചിയെ രൂപതയായി ഉയർത്തുകയും ഗോവയെ അതിൻ്റെ അതിരൂപതയാക്കുകയുംചെയ്തു. പാദ്രുവാദോ അധികാരപ്രകാരം പോർച്ചുഗീസുകാരനും ഡൊമിനിക്കൻ സഭാംഗവുമായ ദോം ജിയോർജിയോ തെമുദോ ഒ.പി.യെ പോർച്ചുഗീസ് രാജാവ് കൊച്ചി മെത്രാനായി നാമനിർദേശം ചെയ്യുകയും പോപ്പ് അംഗീകരിച്ച് വാഴിക്കുകയും ചെയ്തു. തെക്കേയിന്ത്യയും കിഴക്കേയിന്ത്യയും ബർമ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളും കൊച്ചി രൂപതയുടെ കീഴിലായി.

ഉദയംപേരൂർ സൂന്നഹദോസ്
കൊച്ചി ആസ്ഥാനമായുള്ള കേരളകത്തോലിക്കാ സഭയുടെ വളർച്ചാചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു ഉദയംപേരൂർ സുന്നഹദോസ്. ഗോ വ ആർച്ച്ബിഷപ്പ് അലക്‌സി മെനെസിസ് 1599 ജൂൺ 20 ന് തൃപ്പൂണിത്തുറയ്ക്കടുത്ത് ഉദയംപേരൂർ ഗ്രാമത്തിലെ ഒരു ദൈവാലയത്തോടനുബന്ധിച്ചുള്ള വിശാലമായ ഹാളിൽ വിളിച്ചുകൂട്ടിയ പ്രതിനിധിസമ്മേളനമാണാ സംഭവം. സുറിയാനി പാത്രിയാർക്കീസിൻ്റെ കീഴിൽ, ഹൈന്ദവ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുരുങ്ങിക്കിടന്ന ‘പാരമ്പര്യക്രിസ്ത്യാനി’കളെ കത്തോലിക്കാസഭയിലേക്ക് ആനയിച്ചത് ഉദയംപേരൂർ സുന്നഹദോസാണ്. സെ ൻ്റെ തോമസ് ക്രിസ്‌ത്യാനികളെ ‘അടിച്ചമർ ത്തിയ’ സംഭവമെന്ന് സുറിയാനി പാരമ്പര്യമുള്ള വിവിധസഭക്കാർ ഇന്നും കുറ്റപ്പെടുത്താറുണ്ടെങ്കിലും ആ സുന്നഹദോസിൽ അംഗീകരിച്ച നിയമങ്ങളും നിരോധിച്ച രേഖകളും പരിശോധിച്ചാൽ എത്രമാത്രം ദുരാചാരങ്ങളായിരുന്നു അക്കൂട്ടരിലുണ്ടായിരുന്നതെന്ന് മനസ്സിലാക്കാം. ജാതകം മോശമായ കുഞ്ഞുങ്ങളെ കൊന്നുകളയുകവരെ അവയിൽ ഉൾപ്പെട്ടിരുന്നു എന്നോർക്കണം! ഇത്തരം കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ആർച്ച്ബിഷപ്പ് മെനെസിസ് സവിശേഷമായ കൽപ്പനകളും സംവിധാനങ്ങളും ആ സുന്നഹദോസിൽ വെച്ച് ഉണ്ടാക്കിയിരുന്നു. ഡോ. ജോൺ ഓച്ചന്തുരുത്ത് രചിച്ച ‘The road to Diamper’ എന്ന ഉജ്ജ്വലഗ്രന്ഥത്തിൽ ഈ സൂന്നഹദോസിൻ്റെ യഥാർത്ഥചരിത്രം വിശദീകരിച്ചിട്ടുണ്ട്. സൂന്നഹദോസിനു മുൻപും പിൻപും മെനെസിസ് മെത്രാപ്പോലീത്ത കേരളമെമ്പാടും സഞ്ചരിച്ച് മാർത്തോമാ ക്രൈസ്തവരുടെ പള്ളികൾ സന്ദർശിക്കുകയും റോമാസഭയുടെ ചരിത്രപരമായ പ്രാധാന്യം ബോധ്യപ്പെടുത്തുകയും റോമാസഭയുടെ തലവനായ പോപ്പിൻ്റെ മേലധികാരം അംഗീകരിക്കേണ്ടതിൻ്റെ ആവശ്യം ഈശോയുടെ വചനത്തിൻ്റെതന്നെ അടിസ്ഥാ നത്തിൽ വിശദീകരിക്കുകയും ചെയ്തു‌. കേരളസഭയിലെ സ്ഖലിതങ്ങൾ നീക്കം ചെയ്‌തതോടൊപ്പം പല അനാചാരങ്ങളിൽനിന്നും സഭയെ മോചിപ്പിച്ച ഉദയംപേരൂർ സൂന്നഹദോസ് സഭാചരിത്രത്തിലെ ഏറ്റവും സുപ്രധാനസംഭവമാണ്. സാമൂഹികപരിഷ്ക്കരണ കാനോനകളെ അന്നത്തെ ക്രൈസ്ത‌വസഭ യിലെ വരേണ്യവിഭാഗം സംശയത്തോടെയാണ് വീക്ഷിച്ചത്. എതിർക്കാൻ ധൈര്യമില്ലാതിരുന്നതു കൊണ്ട് അവർ തക്കംപാർത്ത് കഴിയുകയായിരുന്നു. കേരളക്രൈസ്‌തവരുടെ സാംസ്‌കാരികത്തനിമ അംഗീകരിച്ച് അങ്കമാലി രൂപത അംഗീകരിച്ച് നൽകി യത് അവരെ തൃപ്‌തിപ്പെടുത്തിയില്ല. ജസ്യൂട്ട് വൈ ദികനായിരുന്ന ഫ്രാൻസിസ് റോസ് എസ്.ജെയെ മെത്രാനായി നിയമിച്ചത് അവരിൽ പലർക്കും ഇഷ്ട്ട പ്പെട്ടില്ല. ഉദയംപേരൂർ സുന്നഹദോസിൻ്റെ സദ്ഫലങ്ങളോട് ഏതാണ്ട് അരനൂറ്റാണ്ടുകൊണ്ട് നസ്രാണികളിൽ ബഹുഭൂരിപക്ഷവും പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു. എന്നാൽ മുൻപു സൂചിപ്പിച്ച വരേണ്യവർഗം മധ്യ പൗരസ്ത്യദേശത്തുനിന്ന് ഒരു മെത്രാനെ കൊണ്ടു വരുന്നതിനുള്ള രഹസ്യശ്രമങ്ങൾ നടത്തിക്കൊണ്ടി രുന്നു. അവരുടെ ശ്രമഫലമായി എത്തിയ അഹത്തുള്ള എന്ന നെസ്തോറിയൻ മെത്രാൻ മൈലാപ്പൂരിലെത്തിയതായും പോർച്ചുഗീസുകാർ അവിടെ ഇറ ങ്ങാനനുവദിക്കാതെ, കൊച്ചിക്ക് പടിഞ്ഞാറു കടലിൽവെച്ച് അദ്ദേഹത്തെ വധിച്ചതായും ഒരു വാർത്ത പ്രചരിച്ചത് എതിർപ്പിനു നേതൃത്വം നൽകിയവരെ സംബന്ധിച്ച് എരിതീയിൽ എണ്ണയായി. അവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ മട്ടാഞ്ചേരിയിൽ ഒത്തുചേർന്ന നസ്രാണികൾ അവിടെയുണ്ടായിരുന്ന, പിന്നീടു കൂനൻകുരിശെന്നറിയപ്പെട്ട കുരിശിൽ ആലാത്തുകെട്ടി അതിൽ പിടിച്ച് റോമാ മാർപാപ്പായുടെ കീഴിലിരിക്കുകയില്ലെന്നു സത്യം ചെയ്തു. ഇതാണ് 1653 ൽ നടന്ന കൂനൻകുരിശു സത്യം). കത്തോലിക്കാവിരുദ്ധരായ ഡച്ചുകാർ കേരളത്തിൽ വന്ന് 1663 ൽ പോർച്ചുഗീസുകാരെ തോൽപ്പിച്ചതോ ടെ കൊച്ചിയുടെ വളർച്ച ഇല്ലാതായി. ഡച്ചുകാർ രൂപതാ ആസ്ഥാനമായ സാന്താക്രൂസ് ബസിലിക്ക ആയുധപ്പുരയാക്കി. പിന്നീട് 1795 ൽ ഡച്ചുകാരെ തോൽ പ്പിച്ച പ്രൊട്ടസ്റ്റന്റുകാരായ ബ്രിട്ടീഷുകാർ അത് തകർത്തുകളഞ്ഞു. പോർച്ചുഗീസ് മെത്രാന്മാർ കേരളത്തി നു പുറത്തു താമസിച്ച് രൂപതയെ ഭരിക്കേണ്ട ദുരവ സ്ഥയുമായി. ഇതോടൊപ്പം ആഗോളതലത്തിൽ ജ സ്യൂട്ട്-ഫ്രാൻസിസ്‌കൻ-കർമലീത്താ തുടങ്ങിയ സന്യാസസഭകൾ തമ്മിലും കത്തോലിക്കാ ഭരണാധി കാരികളും പോപ്പും തമ്മിലുമൊക്കെയുണ്ടായ പ്രശ് നങ്ങളും കൊച്ചിരൂപതയുടെ മുരടിപ്പിന് കാരണമാ യിത്തീർന്നു. ഇവയുടെയെല്ലാം ഫലമായി 1838 ഏപ്രിൽ 24 ന് കൊച്ചി രൂപതയെ വരാപ്പുഴ വികാരിയത്തിനോടു ചേർത്തുകൊണ്ട് പോപ്പ് ഉത്തരവായി.

3. വരാപ്പുഴയുടെ ഉദയം
കൊച്ചി രൂപതയുടെ മെത്രാന്മാർക്ക് ഫലപ്രദമായി അജപാലനധർമം നിർവഹിക്കാൻ സാധിക്കാതെവ ന്നതോടെ കേരളത്തിലെ കത്തോലിക്കാസഭയിൽ പലതരം ആശയക്കുഴപ്പങ്ങളും ഭിന്നതകളും ഉളവായി. മാർത്തോമാ ക്രിസ്‌ത്യാനികൾ കലാപക്കൊടി ഉയർ ത്തി. വിശ്വാസംതന്നെ ക്ഷയിക്കുന്ന അവസ്ഥ വന്നു. പോർച്ചുഗീസുകാരുടെ ശക്തിക്ഷയിച്ചതോടെ ‘പാദു വാദോ’യ്ക്ക് കാര്യമായ പ്രസക്തിയില്ലാതായി. (എങ്കിലും നിയമപരമായി അത് നിലനിന്നിരുന്നു.) ഈ അവസ്ഥയിൽ കേരളസഭയിൽ നേരിട്ട് ഇടപെടാൻ പോപ്പ് നിർബന്ധിതനായി. അക്കാലത്ത് വത്തിക്കാനിൽ വലിയ സ്വാധീനം ഉണ്ടായിരുന്ന കർമലീത്താ നിഷ്പാദുക സഭ (ഒ.സി.ഡി) വഴിയാണ് പരിശുദ്ധ സിംഹാസനം ഈ ഇടപെടൽ നടത്തിയത്. പ്രാഥമികമായും സുറിയാനിക്കാരുടെ ഇടയിലെ പ്രശ്നങ്ങൾ തീർത്ത് കത്തോലിക്കാസഭയുമായി ചേർത്തു നിർത്തുകയായിരുന്നു ഈ ഇടപെടലിൻ്റെ ലക്ഷ്യം. അങ്ങനെ ഫാ. ഹയസിന്ത്, ഫാ. ജോസഫ് ഓഫ് സെന്റ് മേരി (ജോസഫ് സെബസ്ത്യാനി) തുട ങ്ങിയ വലിയ മിഷണറി ചൈതന്യവും ഭരണനൈ പുണ്യവുമുള്ള ഒ.സി.ഡിക്കാരെ പോപ്പ് അലക്സാൺഡർ ഏഴാമൻ കേരളത്തിലേക്കയച്ചു. . ഫാ. ഹയസിന്ത് ഒ.സി.ഡി. ആയിരുന്നു അവരുടെ നേതാവ് അഥവാ അപ്പോസ്‌തലിക് കമ്മീഷണർ. തുടർന്ന് 1657 ൽ ‘മലബാർ വികാരിയത്ത്’ സ്ഥാപിച്ചു. ജസ്യൂട്ട് സഭക്കാരായ മെത്രാന്മാരെ യാതൊരു വിധത്തിലും അംഗീക രിക്കില്ലെന്നു ശഠിച്ചിരുന്ന സുറിയാനിക്കാരിൽ മിക്കവരെയും കത്തോലിക്കാവിശ്വാസത്തോടു ചേർത്തു നിർത്താൻ ഈ കർമലീത്താക്കാർക്കായി. ഫാ. ജോസഫ് സെബസ്ത്യാനിയെയാണ് ഈ പുതിയ വികാരിയത്തിൻ്റെ ‘വികാർ അപ്പസ്തലിക്ക’യായി നിയമിച്ചത്. സുറിയാനിക്കാർക്കായി സ്ഥാപിച്ചിരുന്ന കൊടുങ്ങല്ലൂർ അതിരൂപതയുടെ അഡ്മി നിസ്ട്രേറ്റർ ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു. (“പാദ്രുവാദോ’ നിലനിന്നിരുന്നതിനാൽ പോർച്ചുഗലി ൻ്റെ അംഗീകാരമില്ലാതെ മെത്രാനായി വാഴിക്കാൻ പോ പ്പിന് സാധിക്കുമായിരുന്നില്ല.) വരാപ്പുഴ ഗ്രാമത്തിലാ യിരുന്നു അദ്ദേഹത്തിൻ്റെ ആസ്ഥാനം. ഡച്ചുകാർ പോർച്ചുഗീസുകാരെ തുരത്തിയതോടെയാണ് ലത്തീൻ കത്തോലിക്കരുടെ അജപാലനചുമതലയും കർമലീത്താ മിഷണറിമാർക്ക് ലഭിച്ചത്. 1709 മാർച്ച് 13 ന് ക്ലെമൻ്റ് പതിനൊന്നാമൻ പാപ്പ മലബാർ വികാരിയത്ത് റദ്ദുചെയ്‌ത്‌ ‘വരാപ്പുഴ വികാരിയത്ത്’ സ്ഥാപിച്ചു. ബിഷപ്പ് ആൻജെലോ ഫ്രാൻ സിസ് ഒ.സി.ഡിയെ ‘അപ്പോസ്‌തലിക് വികാർ’ ആ യി വാഴിച്ചതോടെ കേരളസഭയിൽ പുതിയൊരു യു ഗത്തിൻ്റെ ആരംഭമായി; കുറെയധികം ആശയക്കുഴ പ്പങ്ങൾക്കും ഇത് കാരണായിത്തീർന്നു. കാരണം, വത്തിക്കാൻ നേരിട്ടുള്ള മേൽനോട്ടത്തിൽ ‘വേദപ്രചാ രണത്തിനായുള്ള തിരുസംഘ’ത്തിൻ്റെ (‘പ്രൊപഗാ ന്ത’ കോൺഗ്രിഗേഷൻ) കീഴിലായി കേരളസഭ. ഇത് പാദ്രുവാദോ -പ്രൊപഗാന്ത ചേരിതിരിവിനും വഴിതെളിച്ചു. വൈദികരും ഇടവകകളുംതന്നെ ‘ഞങ്ങൾ പാദ്രുവാദോക്കാർ’, ‘ഞങ്ങൾ പ്രൊപഗാന്തക്കാർ’ എന്നി ങ്ങനെ പക്ഷംപിടിക്കാൻവരെ ഇടയായി! ഇത് അന്നത്തെ സാഹചര്യത്തിൽ തികച്ചും സ്വാഭാവികമായി രുന്നു എന്നു മനസ്സിലാക്കാം. 1795 ഒക്ടോബർ 20 ന് ബ്രിട്ടീഷുകാർ കൊച്ചി പട്ടണം കീഴടക്കി ഡച്ചുകാരെ തുരത്തുകയും അവർ ആയുധപ്പുരയാക്കിയിരുന്ന സാന്താക്രൂസ് ബസിലിക്ക തകർത്തുകളയുകയും ചെയ്‌തതോടെ തീർത്തും ദുർബലാവസ്ഥയിലായിരുന്ന കൊച്ചി രൂപതയെ 1838 ഏപ്രിൽ 24 ന് പോപ്പ് ഗ്രിഗറി പതിനാറാമൻ വരാപ്പുഴ വികാരിയത്തിനോടു ചേർത്തു. ഇതോടൊപ്പം സു റിയാനിക്കാർക്കായി രൂപീകരിച്ചിരുന്ന കൊടുങ്ങല്ലൂർ രൂപതയും വരാപ്പുഴയുടെ ഭാഗമായി. ഏഴു വർഷ ത്തിനുശേഷം, നേരത്തേ കൊച്ചി രൂപതയുടെ ഭാഗ മായിത്തീർന്നിരുന്ന കൊല്ലം രൂപതയെ ‘കൊല്ലം വികാരിയത്താക്കി’ വരാപ്പുഴയുടെ സാമന്തസ്ഥാനത്തു പ്രതിഷ്ഠിച്ചു.

പുതിയ ചരിത്രത്തിലേക്ക്
തങ്ങൾ സ്ഥാപിച്ച കൊച്ചി രൂപതയെ ‘പാദ്രുവാദോ’ കരാറിനു വിരുദ്ധമായി വരാപ്പുഴ വികാരിയത്തി നോടു ചേർത്ത് ‘പ്രൊപഗാന്താ’ തിരുസംഘത്തിനു കീഴിലാക്കിയത് പോർച്ചുഗീസുകാർ അംഗീകരിച്ചില്ല. ഇത് പോർട്ടുഗൽ രാജാവും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിനു വഴിതെ ളിച്ചു. അവസാനം, കത്തോലിക്കാസഭയുടെരീതിയനുസരിച്ച് ‘ഇന്ത്യൻ ഹയരാർക്കി’ സ്ഥാപിച്ചുകൊണ്ട് പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാൻ വത്തി ക്കാൻ തീരുമാനിച്ചു. കാരണം, പോർച്ചുഗീസുകാർ തങ്ങളുടെ പ്രാബല്യത്തിൻ്റെ കാലത്ത് ഭാരതസഭയെ വളർത്തി എന്ന യാഥാർത്ഥ്യം അംഗീകരിക്കുന്നതോടൊപ്പം ഇപ്പോൾ അവർക്ക് അവരുടെ ‘പാദ്രുവാദോ’ ദൗത്യം നിർവഹിക്കാനുള്ള ശക്തിയില്ല എന്ന വസ് തുതയും പോപ്പിന് കണക്കിലെടുക്കേണ്ടിയിരുന്നു. അങ്ങനെ 1886 സെപ്‌തംബർ ഒന്നിന് “ഇന്ത്യൻ ഹയരാർക്കി’ സ്ഥാപിച്ചുകൊണ്ട് ലിയോ പതിമൂന്നാമൻ പാപ്പ ഉത്തരവായി. ഇതുപ്രകാരം ഗോവയും വരാപ്പുഴയും അതിരൂപതകളായി. ഗോവയ്ക്ക് കിഴക്കിൻ്റെ പാത്രിയർക്കീസ് എന്ന സ്ഥാനവും ലഭിച്ചു. കൊച്ചി യും കൊല്ലവും പഴയതുപോലെ സ്വതന്ത്രരൂപതക ളായി. എങ്കിലും പാദ്രുവാദോ അധികാരമനുസരിച്ച് കൊച്ചിയിൽ പോർച്ചുഗീസുകാർതന്നെയാണ് മെത്രാന്മാരെ നാമനിർദേശം ചെയ്തിരുന്നതും സാമ്പത്തി കപിന്തുണ കൊടുത്തിരുന്നതും. വത്തിക്കാനും ലിസ്‌ബണും തമ്മിൽ ഉണ്ടാക്കിയിരുന്ന പാദ്രുവാദോകരാർ അവസാനം, 1950 ജൂലൈ 18 ന് റദ്ദുചെയ്തതോ ടെയാണ് ഭാരതമെമ്പാടും കത്തോലിക്കാസഭ ഒരൊറ്റ ഭരണത്തിൻ്റെ കീഴിലായത്. അതോടെ 1952 ജൂൺ 19 ന് കൊച്ചി രൂപതയെ വിഭജിച്ച് ആലപ്പുഴ രൂപത സ്ഥാപിക്കുകയും ഇരുരൂപതകൾക്കും സ്വദേശിമെത്രാന്മാരെ വത്തിക്കാൻ നേരിട്ട് വാഴിക്കുകയും ചെയ്തു. കേരളത്തിനു പുറത്ത് ഗോവയ്ക്കു പുറമെ വേറെ യും അതിരൂപതകളും രൂപതകളുമുണ്ടായിരുന്നു എന്നോർക്കണം – എല്ലാം ലത്തീൻ റീത്ത് പിന്തുടരുന്നവ. (പിൽക്കാലത്ത് കേരളത്തിലെ സീറോ മലബാർ സഭയ്ക്ക് ഭാരതത്തിൻ്റെ വിവിധഭാഗങ്ങളിൽ മിഷൻ കേന്ദ്രങ്ങൾ അനുവദിച്ചു. പിന്നീട് അവ രൂപതകളാ ക്കിയപ്പോൾ ലത്തീൻ റീത്തുതന്നെ പിന്തുടരേണ്ടിയിരുന്നു എങ്കിലും സുറിയാനിക്കാർ മെത്രാന്മാരായി. കുറെക്കാലം കഴിഞ്ഞ് മഹാരാഷ്ട്രയിലെ കല്യാൺ രൂപതയാണ് ആദ്യമായി കേരളത്തിനു പുറത്ത് സീ റോ മലബാർ സഭയ്ക്ക് ആ റീത്തിൽത്തന്നെ രൂപത യായി നൽകിയത്. അവസാനം, അടുത്തിടെ ഏറെ ക്കാലം നീണ്ടുനിന്ന ശീതസമരങ്ങൾക്കുശേഷം ഡൽഹി അതിരൂപതയിൽനിന്നും സീറോ മലബാർകാരെ വേർപെടുത്തി ഫരീദാബാദ് സുറിയാനി രൂപതയും അനുവദിച്ചു. ഇന്ത്യയ്ക്കു പുറത്തും ഇതേപോലെ സുറിയാനി വൈദികർ മിഷനുകൾ നടത്തിയിരുന്നു. അവയിൽ സീറോ മലബാർ റീത്തിൽ രൂപതയായി മാറിയത് അമേരിക്കയിലെ ‘ചിക്കാഗോ സെന്റ് തോ മസ് സീറോ മലബാർ രൂപത’യാണ്. വിദേശങ്ങളിൽ ലത്തീൻസഭയുടെ ക്ഷീണിതാവസ്ഥ കാരണം ഇനിയും ഇത്തരം മാറ്റങ്ങൾ വരാനാണ് ഇട).

കേരളത്തിനു പുറത്തുണ്ടാക്കിയ രൂപതകൾ താഴെപ്പറയുന്നു: .

  • ആഗ്ര അതിരൂപത (അലഹബാദ്, ലാഹോർ രൂപതകൾ).
  • ബോംബെ അതിരൂപത (പൂന രൂപത) .
  • കൽക്കട്ട അതിരൂപത (കൃഷണനഗർ, ധാക്ക രൂപതകൾ).
  • കൊളംബോ (ശ്രീലങ്ക) അതിരൂപത (ജാഫ്‌ന, കാൻഡി രൂപതകൾ) .
  • മദ്രാസ് അതിരൂപത (ഹൈദരാബാദ്, വിശാഖപട്ടണം, മാംഗ്ലൂർ, ട്രിച്ചി രൂപതകൾ) .
  • പോണ്ടിച്ചേരി അതിരൂപത (കോയമ്പത്തൂർ, മൈസൂർ രൂപതകൾ)
അതേസമയം, വരാപ്പുഴയിൽനിന്നു വേർപെടുത്തിയ സുറിയാനിക്കാർക്കായി തൃശൂർ, കോട്ടയം വികാരിയ ത്തുകളും സ്ഥാപിച്ചു. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണ് സുറിയാനിക്കാർക്കായി ഇന്നത്തെ ‘സീറോ മലബാർ റീത്ത്’ രൂപീകരി ക്കാൻ ആദ്യകാല പരിശ്രമങ്ങൾ നടത്തിയത്. കോൺഗ്രിഗേഷൻ ഓഫ് മേരി ഇമ്മാക്കുലേറ്റ് (സി.എം.ഐ) സഭാസ്ഥാപകനായ അദ്ദേഹത്തെ ആദ്യം വരാപ്പുഴ യിൽ സുറിയാനിക്കാർക്കായുള്ള വികാരി ജനറാൾ ആക്കിയിരുന്നു. ഈ സീറോ മലബാർ സഭ അംഗബലത്താലും സാമ്പത്തികശക്തിയാലും വളർന്ന് കേരളത്തിലെ ഏറ്റ വും പ്രബലമായ കത്തോലിക്കാ വിഭാഗമായിത്തീർ ന്നു. ലത്തീൻ റീത്തു പിന്തുടരുന്ന പല സന്യാസ സഭകളിലും ഈ സമുദായാംഗങ്ങളാണ് ഭൂരിപക്ഷം. ഇതിനാലാണ് കേരളത്തിലെ അതിപുരാതനമായ ഫ്രാൻസിസ്‌കൻ (ഒ.എഫ്.എം), കർമലീത്ത (ഒ.സി.ഡി) തുടങ്ങിയ സഭകളിൽ സുറിയാനിക്കാർ ക്കായി പ്രൊവിൻസുകൾ സ്ഥാപിച്ചതും സീറോ മലബാർ കുർബാനക്രമം അനുവദിച്ചതും. ഇന്നത്തെ ജസ്യൂട്ട് സഭയിലും സലേഷ്യൻ സഭയിലും മറ്റും ബഹുഭൂരിപക്ഷവും ഇതേസമുദായാംഗങ്ങളാണുള്ളത്.

കെ. ആർ.എൽ.സി.സി. എന്ന ചരിത്രസംഭവം
ഇന്ത്യൻ ഹയരാർക്കി സ്ഥാപിതമായതോടെ ഭാര തത്തിലെ മെത്രാന്മാർക്കായി മറ്റു രാജ്യങ്ങളിലേതു പോലെ ‘ബിഷപ്സ് കോൺഫറൻസും’ രൂപീകരിക്കപ്പെട്ടു- 1944 ൽ. ഇങ്ങനെയാണ് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (CBCI) സ്ഥാപിത മാകുന്നത്. പാദ്രുവാദോ കരാർ റദ്ദാക്കുന്നതിനു ആറു വർഷം മുൻപായിരുന്നു ഈ സംഭവം. 1951 ൽ പിയൂസ് പന്ത്രണ്ടാമൻ ഭാരതത്തെ ‘ദൈവമാതാവായ’ പരിശുദ്ധ കന്യകാമറിയത്തിനു സമർപ്പിച്ചു. 1953 ൽ ബോംബെ ആർച്ച്ബിഷപ്പ് വലേറിയൻ ഗ്രേഷ്യസി നെ ഇന്ത്യയിലെ ആദ്യ കർദിനാളായും പ്രഖ്യാപിച്ച തോടെ ഭാരതസഭയും വത്തിക്കാനും തമ്മിലുള്ള ബ ന്ധം പൂർണവും സുദൃഢവുമായി. എന്നാൽ, സീറോ മലബാർ റീത്തിൻ്റെ വലിയതോ തിലുള്ള വളർച്ചയെത്തുടർന്ന് വത്തിക്കാൻ 1987 ൽ ഓരോ റീത്തിനും അതിൻ്റേതായ മെത്രാൻ സമിതികൾ രൂപീകരിക്കാൻ അനുവാദം കൊടുത്തു. അങ്ങനെ പഴയ സി.ബി.സി.ഐ മൂന്നായി: ലത്തീൻ മെത്രാന്മാർക്കായുള്ള കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഇൻ ഇന്ത്യ (CCBI), സീറോ മലബാർ ബിഷപ്സ് സിനഡ് (എസ്എംബിഎസ്-കാക്കനാട് ആസ്ഥാനം, എറണാകുളം-അങ്കമാലി അതിരൂപതയു ടെ മേജർ ആർച്ച്ബിഷപ്പ് തലവൻ), സീറോ മലങ്കര ബിഷപ്സ് സിനഡ് (എസ്എംബിഎസ്-തിരുവനന്ത പുരം മലങ്കര അതിരൂപതാ ആർച്ച്ബിഷപ് തലവൻ). കേരളത്തിൽ സുറിയാനിക്കാരായ മെത്രാന്മാർക്ക് വേറെ സമിതി ഉണ്ടായതോടെ കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ (കെസിബിസി-പാലാരിവട്ടത്തെ പി.ഒ.സി. ആസ്ഥാനം) പ്രാധാന്യം കുറഞ്ഞ ഒന്നായി മാറി എന്നതാണ് വാസ്ത‌വം. അതോടെ കേരളത്തിലെ ലത്തീൻ മെത്രാന്മാർക്ക് മാത്രമായി ഒ രു സമിതി വേണം എന്ന ചിന്ത ഉയർന്നുവന്നു. ഇത് വിഭാഗീയത വളർത്തുമെന്ന് പല ലത്തീൻ മെത്രാ ന്മാരും നിലപാടെടുത്തതോടെ പ്രായോഗികനീക്കങ്ങൾ ഏറെക്കാലം മരവിച്ചുപോയി. അവസാനം ബാംഗ്ലൂ രിലെ ‘ധർമാരാം ഇൻസ്റ്റിറ്റ്യൂട്ടി’ൽ 2001 ഒക്ടോബറിൽ ‘ക്രിസ്‌തുജയന്തി മഹാജൂബിലി സമാപന ആഘോ ഷങ്ങൾ നടക്കവേ, അതിൻ്റെ പിന്നാമ്പുറത്ത് കേരള ത്തിലെ ലത്തീൻ മെത്രാന്മാർ നടത്തിയ അനൗപചാരിക ചർച്ചകളിലാണ് ഇതിനായുള്ള നടപടികൾ ആരംഭിച്ചത്. തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. സൂസ പാക്യം പിതാവ് മുൻകൈയെടുത്തു നടത്തി യ ചർച്ചകളിൽ ആലപ്പുഴ രൂപതാംഗവും അന്ന് കർമ ലഗിരി സെമിനാരി പ്രൊഫസറുമായിരുന്ന ബഹു. ജയിംസ് ആനാപറമ്പിൽ അച്ചനെ ചുമതലകൾ അ നൗപചാരികമായി ഏൽപ്പിച്ചു. തുടർന്നു നടന്നത് നമുക്കു മുന്നിലുള്ള സമകാ ലീനചരിത്രമാണ്- കേരള റീജണൽ ലാറ്റിൻ കാത്ത ലിക് കൗൺസിൽ (KRLCC), കേരള റീജണൽ ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിൽ (KRLCBC) എന്നീ സുപ്രധാനസമിതികളുടെ പിറവി. വരാപ്പുഴ അതിരൂപത (കൊച്ചി, കോട്ടപ്പുറം, സുൽത്താൻപേട്ട്, കോഴിക്കോട്, കണ്ണൂർ എന്നീ സമാന്തര രൂപതകൾ), തിരുവനന്ത പുരം അതിരൂപത (കൊല്ലം, പുനലൂർ, നെയ്യാറ്റിൻ കര, ആലപ്പുഴ സമാന്തര രൂപതകൾ) എന്നിവ അട ങ്ങിയതാണ് KRLCBC. ആറു മാസത്തിലൊരിക്കൽ ഇവ യോഗം ചേരുന്നു. ആലുവയിൽ ആണ് KRLCC യുടെ ആസ്ഥാനമന്ദിരം.

പുതിയ രൂപതകൾ
കൊച്ചി, ആലപ്പുഴ എന്നീ രൂപതകൾ സ്ഥാപിതമായതിനുശേഷം സ്ഥാപിതമായവയാണ് വിജയപുരം, പുനലൂർ, കോഴിക്കോട്, കണ്ണൂർ, നെയ്യാറ്റിൻകര രൂപതകൾ. ഇവയുടെ ചരിത്രത്തിലേക്കും നമുക്കൊരു എത്തിനോട്ടം നടത്താം.

  • വിജയപുരം : സ്ഥാപിതം : 14 ജൂലൈ 1930. ബ്രദർ റോക്കി പാലക്കൽ എന്ന അതീവ തീക്ഷ്ണമതിയായ കർമലീത്ത മിഷണറി നടത്തിയ വേദ്രപ്രചാരണവേലയുടെ സദ്‌ഫലമാണീ രൂപത. കോട്ടയം പട്ടണത്തിലാണ് ആസ്ഥാനം.
  • പുനലൂർ : കൊല്ലം രൂപതയെ വിഭജിച്ച് 21 ഡിസംബർ 1985 ൽ ഈ രൂപത സ്ഥാപിച്ചു. പത്തനംതിട്ട, കൊല്ലം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു.
  • കോഴിക്കോട് : വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു. 12 ജൂൺ 1923 ൽ സ്ഥാപിതമായി.
  • കണ്ണൂർ: കോഴിക്കോട് രൂപതയെ വിഭജിച്ച് 1923 ജൂൺ 12 ൽ സ്ഥാപിച്ചു. വിദേശമിഷണറിമാരുടെ ശ്രേണിയിൽ അവസാനകണ്ണി എന്നു പറയാവു ന്ന ഫാ. ലിനോ മരിയ സുക്കോൾ എന്ന ജസ്യൂട്ട് പുരോഹിതൻ്റെ പ്രവർത്തനത്താൽ ധന്യമായമേഖല.
  • നെയ്യാറ്റിൻകര: തിരുവനന്തപുരം രൂപത വിഭജിച്ച് 14 ജൂൺ 1996 ൽ സ്ഥാപിച്ചു. സാമൂഹ്യ സേവനപ്രവർത്തനങ്ങളിൽ ഏറെ സജീവം.
  • കോട്ടപ്പുറം: വരാപ്പുഴ അതിരൂപതയെ വിഭജിച്ച് 1986 ഓഗസ്റ്റ് ഒന്നിന് സ്ഥാപിച്ചു. എറണാകുളം, തൃശൂർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നു.
  • സുൽത്താൻപേട്ട് രൂപത : 2013 ഡിസംബർ 28-ന് കേരളത്തിലെ പാലക്കാട് ജില്ലയിലെ സുൽത്താൻപേട്ട് രൂപത പരിശുദ്ധ പിതാവ് ഫ്രാൻസിസ് സ്ഥാപിച്ചു. ഈ പുതിയ രൂപത ദക്ഷിണേന്ത്യയിലെ രണ്ട് സിവിൽ സംസ്ഥാനങ്ങളിൽ നിന്ന് വിഭജിക്കപ്പെട്ടു: തമിഴ്നാട്, കേരളം. കോയമ്പത്തൂർ രൂപതയിൽ നിന്ന് തമിഴ് സംസാരിക്കുന്നവരുടെ ഇരുപത്തിയൊന്ന് ഇടവകകളും മലയാളം സംസാരിക്കുന്നവരുടെ ഒരു ഇടവകയും കോഴിക്കോട് രൂപതയിൽ നിന്ന് മലയാളം സംസാരിക്കുന്നവരുടെ അഞ്ച് ഇടവകകളും ഈ പുതിയ രൂപതയിലുണ്ട്. കേരളത്തിലെ സഭാമേഖലയിലെ 12-ാമത് ലത്തീൻ കത്തോലിക്കാ രൂപതയാണിത്.